ഡൽഹിയിലെ നോമ്പോർമ്മകളും ജുമാമസ്ജിദിലെ സായാഹ്നങ്ങളും

SHARE:


രാജ്യത്തെ എല്ലാ നോമ്പോർമകളുടെയും അകസാരം ഉൾവഹിക്കുന്ന ഇടമാണ് ഡൽഹി. സ്വാഭാവികമായും ഡൽഹിയുടെ നോമ്പോർമകൾക്ക് എന്നും ഗൃഹാതുരമായ വശ്യതയും  മനോഹാരിതയുമുണ്ട്. ജുമാമസ്ജിദിലെ നോമ്പുതുറയും തെരുവുകളുമാണ് ഡൽഹിയിലെ റമസാൻ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നത്. നോമ്പ് ഒന്ന് മുതൽ തന്നെ ഇവിടെ പെരുന്നാളാണ്. ഇഫ്താറും സഹ് രിയും തറാവീഹും ഹൽഖകളും ഫുഡ്സ്ട്രീറ്റും കൊണ്ട് മുഖരിതമായിരിക്കും ഓൾഡ് ഡൽഹിയും ജുമാ മസ്ജിദും പരിസരവും. രാത്രിയിലെ നിലക്കാത്ത ജനപ്രവാഹവും ബഹളമയമായ അന്തരീക്ഷങ്ങളും വല്ലാത്തൊരു ആഘോഷ പ്രതീതിയാണ് സൃഷ്ടിക്കുക. 

    എല്ലാ വർഷവും റമളാൻ മാസപ്പിറവി കണ്ടാൽ ഡൽഹിയിലെ സകല വഴിയോരങ്ങളും കച്ചവടവും ഭക്ഷണശാലകളും സ്ട്രീറ്റ് സ്റ്റാളുകളും  കൊണ്ട് നിറയും. ഭക്ഷണം കഴിക്കുന്നതിന്റെയും കഴിപ്പിക്കുന്നതിന്റെയും വിരുന്നൊരുക്കുന്നതിന്റെയും ഹൃദ്യമായ ഓർമ്മകൾ കൂടിയാണ് ഡല്‍ഹിയിലെ നോമ്പനുഭവങ്ങള്‍. ആത്മീയതയുടെ ഓരംപറ്റി നടക്കുന്ന ആൾക്കൂട്ടങ്ങൾ വേറെയും, പണക്കാരും പാവപ്പെട്ടവരും യാചകരും റിക്ഷവലിക്കാരും ഒരേ താളത്തിൽ സാന്നിധ്യംകൊണ്ട് പകിട്ടേകുന്ന റമസാൻ പകലിരവുകൾ..

ചന്ദനത്തിന്റെ ഗന്ധങ്ങളുള്ള സൂഫീ പഥങ്ങള്‍, ദർഗകൾ, ഖാൻഖാഹുകൾ..

നോമ്പുകാലമായാല്‍ ഡല്‍ഹിയില്‍ ഏറ്റവും സജീവമാകുന്ന ഇടങ്ങള്‍ ബട്‌ലാ ഹൗസും ജുമാ മസ്ജിദും നിസാമുദ്ദീനുമാണ്. സാധാരണ സ്ഥിതിയിൽ തന്നെ എപ്പോഴും തിരക്കുള്ള ഈ തെരുവുകള്‍ റമളാന്‍ ആകുന്നതോടെ തിരക്കിരട്ടിച്ച് ശ്വാസംമുട്ടാന്‍ തുടങ്ങും. ഒരു ആഘോഷത്തിന്റെ പ്രതീതിയായിരിക്കും അന്തരീക്ഷം മുഴുവൻ. ആ തിരക്കും അന്തരീക്ഷവും ആസ്വദിക്കുന്നത് തന്നെ അനുഭൂതിദായകമായ അനുഭവമാണ്.


    ഡൽഹിയിലാണ് റമളാനെങ്കിൽ ഒരു നോമ്പ്തുറ ജുമാ മസ്ജിദിലേക്ക് വേണ്ടി മാറ്റി വെക്കാറുണ്ട് എല്ലാവരും. ഡൽഹിയിലെ മിക്ക യൂണിവേഴ്സിറ്റികളിലെയും മലയാളി വിദ്യാർത്ഥികൾ പ്രത്യേകിച്ചും. ജുമാമസ്ജിദിലെ വിശാലമായ മുറ്റത്തെ നോമ്പു തുറ അത്രമേൽ ഹൃദ്യമായ അനുഭവമാണ്. കുടുംബസമേതമാണ് വിശ്വാസികൾ ഇവിടെ നോമ്പുതുറക്കെത്തുന്നത്. അതൊരു ഹൃദ്യമായ കാഴ്ച്ച തന്നെയാണ്. ഷാജഹാനാബാദിലെയും ഓൾഡ് ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലുള്ള കുടുംബങ്ങൾ നോമ്പുതുറ വിഭവങ്ങൾ പാത്രങ്ങളിലാക്കി പള്ളിയിലേക്ക് വരും. കുട്ടികളും മുതിർന്നവരും സ്ത്രീകളുമടക്കം ഒരു കുടുംബത്തിലെ എല്ലാവരുമുണ്ടാവും.

ചെറിയ സുപ്രകളും പായകളും വിരിച്ച് സ്ത്രീകളും കുട്ടികളുമൊക്കെ വട്ടത്തിൽ പള്ളിയുടെ മുറ്റത്ത് ഒരുമിച്ചിരുന്ന് വെടി ശബ്ദം കാതോർത്തിരിക്കുന്ന രംഗമാണ് ഏറ്റവും മനോഹരമായത്. ജുമാ മസ്ജിദിൽ നോമ്പ് തുറക്കാനുള്ള സമയമായി എന്നറിയിക്കാൻ കതീന വെടി പൊട്ടിക്കാറാണ് പതിവ്. സമയമാകുമ്പോൾ രണ്ട്‌ കതീനകൾ പൊട്ടുന്നതോടു കൂടി  ഡൽഹി ജുമാ മസ്ജിദിലെ ഇഫ്താർ ആരംഭിക്കും. 

ആദ്യ വെടിയൊച്ചയിൽ മസ്ജിദിന്റെ മുകളിലെ ദീപങ്ങൾ പ്രകാശിക്കുന്നതും മനോഹരമായ കാഴ്ച്ചയാണ്.രണ്ടാമത്തെ വെടിയൊച്ചയിലാണ് ബാങ്ക് കൊടുക്കുക.

സാധാരണ ഡൽഹിയിലെ മറ്റു പള്ളികളിലെല്ലാം സൈറൻ മുഴക്കലാണ്. ആളുകളെ അത്താഴത്തിനു വിളിക്കാനും നോമ്പ് തുറക്കാനുള്ള സമയമായി എന്നറിയിക്കാനും ഇതേ വെടി ശബ്ദമുണ്ടാക്കും. 

വിശാലമായ പള്ളിമുറ്റത്ത് വരിയായി വിരിച്ചുവെച്ച പായകളിൽ വിഭവസമൃദ്ധമായ ഭക്ഷണം മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിനും എത്രയോ മുമ്പ് തയ്യാറായിട്ടുണ്ടാകും. ഡൽഹിയിൽ ലഭ്യമായ ഒട്ടുമിക്ക പഴങ്ങളും തളികയിലുണ്ടാകും. റൂഹ് അഫ്‌സയാണ് അതിൽ ഏറ്റവും ആഘർഷണീയം. ഡൽഹിയിലെ റമളാനിൽ നിറഞ്ഞു നിൽക്കുന്ന വിഭവമാണ് ‘റൂഹ് അഫ്സ’ എന്ന ഈ യൂനാനി സർബത്ത്. റമളാൻകാലം ഡൽഹിയിൽ നാനാവിധ സർബത്തുകളുടെ സീസൺ കൂടിയാണ്​. ​ തെരുവുകളിൽ നിരത്തിവെച്ച ഡസൻ കണക്കിന് സർബത്തുകളിൽ വേറിട്ട്​ നിൽക്കുന്ന​ ‘റൂഹ്​ അഫ്​സ’ ഡൽഹിക്കാരുടെ നോമ്പ് തുറയിൽ പകരം വെക്കാനാവാത്ത വിഭവമാണ്. റമളാനിൽ ജമാമസ്ജിദി​​​​​ന്റെ തെരുവുകൾ മുഴുവൻ റൂഹ്​ അഫ്സയുടെ ഗന്ധം കൊണ്ട് നിറയും. ചെറുതും വലുതുമായ കോപ്പകളിൽ റൂഹ് അഫ്സ നിറച്ച് കച്ചവടം നടത്തുന്ന വിപണനക്കാരെ റമളാനിൽ ഡൽഹി സന്ദർശിക്കുന്ന ഇതര സംസ്ഥാന ടൂറിസ്റ്റുകൾക്ക് ഒരിക്കലും മറക്കാൻ കഴിയണമെന്നില്ല. ഉത്തരേന്ത്യൻ ഇഫ്താറുകളിൽ ഒഴിച്ചുനിർത്താൻ സാധിക്കാത്ത റൂഹ് അഫ്‌സ ആദ്യമായി നിർമിക്കുന്നത് യുനാനി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവും ഹംദർദ് സ്ഥാപകനുമായ ഹകീം ഹാഫിസ് അബ്ദുൽ മജീദാണ്. ഡൽഹിയിലെ ചൂടുകാലത്ത് ജനങ്ങളെ കൂളായി നിലനിർത്താൻ വേണ്ടി ഔഷധക്കൂട്ടുകളുടെ ഒരുഗ്രൻ കോമ്പിനേഷനിലാണ് 1906ൽ അദ്ദേഹമിത് തുടങ്ങി വെച്ചത്. ഇന്ത്യയിൽ യൂനാനി പഠനം കൊണ്ട് ശ്രദ്ധേയമായ ഡൽഹിയിലെ ഹംദർദ് സർവകലാശാലയുടെ ഹംദർദ് ലബോറട്ടറിയിലാണ് ഇതി​​​ന്റെ നിർമ്മാണം നടന്നത്. റൂഹ് അഫ്സയുടെ മുഖ്യ ചേരുവ പഴങ്ങളുടെയും പൂക്കളുടെയും സത്തുകൾ തന്നെ. റോസാപ്പൂ, കെവ്ര, ചിക്കറി, ഉണക്ക മുന്തിരി, താമര, ആപ്പിൾ ചാറ് മുതൽ പൈനാപ്പിൾ വരെയുള്ള വിവിധയിനം ചേരുവകൾ അടങ്ങിയതാണ് റൂഹ് അഫ്സ. 110 വർഷം മുമ്പുള്ള ചേരുവയിൽ ഒരു മാറ്റം വരുത്താതെ നിലനിർത്തി പോരുന്നതിന്റെ പിറകിൽ ഇന്നും പ്രവർത്തിക്കുന്നത് ഹക്കീം ഹാഫിസ് അബ്ദുൽ മജീദിന്റെ കുടുംബമാണ്.

പുരാതന ഡൽഹിക്കാരാണ് ആദ്യമായി റൂഹ് അഫ്‌സയുടെ രുചിയറിഞ്ഞവർ.ഡൽഹി ഭരിച്ച നവാബ്മാരും രാജക്കന്മാരും ഈ സർബത്ത് ഇഷ്ട പാനീയമായി ഉപയോഗിച്ചിരുന്നതായും റൂഹ് അഫ്സയുടെ ചരിത്രത്തിലുണ്ട്. ഡൽഹിയുടെ ഇഫ്താറിന് ഇന്നും മധുരസാന്നിധ്യമായി നിൽക്കുന്നുണ്ട് ഈ പാനീയം.

ഇഫ്താറും മഗ്‌രിബ് നിസ്‌കാരവും കഴിഞ്ഞാൽ പിന്നെ തെരുവുകൾ കൂടുതൽ സജീവമാവും. ചാന്ദ്നി ചൗകും, ബട്ലാ ഹൗസും പട്ടേൽ ചൗകും ചൗരി ബസാറും മഠിയ മഹലും മീനാ ബസാറുമൊക്കെ നിറഞ്ഞുകവിയും. നോമ്പുതുറ വിഭവങ്ങൾക്ക് മാത്രമായി  ഉയരുന്ന തല്‍ക്കാലിക തട്ടുകടകള്‍ വേറെയും. റമളാന്‍ മുപ്പതും ഹയാത്താക്കുന്ന കച്ചവടത്തെരുവുകൾ. രാത്രി ഏറെ കഴിഞ്ഞും സജീവമാകുന്ന ബസാറുകളും ചൗക്കുകളും. 

റമളാൻ സ്പെഷ്യൽ റൊട്ടി വാലകളും ഹലീമുകാരും തൊപ്പിക്കച്ചവടക്കാരും തസ്ബീഹ് മാല വിൽക്കുന്നവരും ചിക്കൻ വിഭവങ്ങളൊരുക്കുന്നവരുമെല്ലാം റമസാനിലെ വിശിഷ്ടസാന്നിധ്യങ്ങളാണ് ഡൽഹിയിലെ തെരുവുകളിൽ. ചിരിയും സന്തോഷവും സമാധാനവും സമ്മാനിക്കുന്ന വീഥികൾ. അതിദരിദ്രരും യാചകരും ഈ രാജവീഥിയിലെ അതിഥികളാണ്. ഡൽഹിയിലെ അമ്പരപ്പിക്കുന്ന അടരുകളുള്ള മഹാനഗര ഭാഗങ്ങൾ, അവയുടെ രാജവീഥികള്‍, പിന്‍വഴികള്‍, പല തട്ടുകളില്‍, പല ഭാവങ്ങളില്‍ മേളിക്കുകയും വിസ്തൃതമാവുകയും ചെയ്യുന്ന കാലയളവ് കൂടിയാണ് റമളാൻ. സ്വാഭാവികമായും ജനബാഹുല്യങ്ങൾക്ക് നടുവിലൂടെ നടക്കുമ്പോൾ മുഗൾ ഭരണാധികാരികളുടെ അതിസമ്പന്നമായ രാജവീഥിയിലൂടെ ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക് യാത്രയാകുന്ന പ്രതീതിയാണ്.  

ഇഫ്താർ വിഭവങ്ങളുടെ സമൃദ്ധമായ സ്വാദാണ് ഡൽഹിയെ മറ്റു നഗരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അനുഭവം. ഓൾഡ് ഡൽഹിയിലെ വിവിധ ഗല്ലികളിൽ നിരയായി നിൽക്കുന്ന ഭക്ഷണശാലകൾ വൈകുന്നേരമാകുമ്പോഴേക്കും സജീവമാകും.നോമ്പനുഭവത്തെ ഉൾവഹിക്കുന്ന ആഘോഷമുഖരിതമായ ഭാവമാണ് ഈ തെരുവുകളിൽ കാണാനാകുക. മുഗൾ അടുക്കളുടെ നൈരന്തര്യം കാക്കുന്ന കരീംസ്, അറ്റമില്ലാത്ത കബാബ് തരങ്ങളുടെ തീയാളുന്ന തെരുവുകൾ, ഡസൻ കണക്കിന് വൈവിധ്യ മധുരത്തരങ്ങൾ, തന്തൂരി റൊട്ടി, അസ്ലം ബട്ടർ ചിക്കൻ, ഡൽഹിയുടെ സ്വന്തം ശേഖ് കബാബ്, മൊഹബ്ബത്ത് കാ സർബത്ത്, വാസ്വാൻ, കമീരി റൊട്ടി, ശാഹി ദസ്താർ ഖാന, ഖീർ, ആലു പ്യാസ് നാൻ, മട്ടൺ കക്കോരി കബാബ്, അഫ്ഗാനി ചിക്കൻ, ചിക്കൻ നഹാരി, തലാവാ ഗോഷ്ട്

തുടങ്ങി രാവേറെ ചെന്നാലും വിഭവസമ്പന്നമായ ഭക്ഷണം ഈ തെരുവിൽ ലൈവാണ്.ഇഫ്ത്താർ മുതൽ സഹ് രി (അത്താഴം) വരെ വിരുന്നൂട്ടുന്ന തെരുവുകൾ.

പൊതുവെ നോമ്പ് കാലത്ത് സഹ് രി (അത്താഴം) വരെ  വരെ ഡൽഹി ഉറങ്ങാറില്ല. ഉറക്കമില്ലാത്ത രാത്രികളാണ് നോമ്പ് കാലം ഡൽഹിക്കാർക്ക്. തറാവീഹിന് ശേഷം വീണ്ടും പ്രവാഹം തുടരും. എവിടെനിന്നൊക്കെയോ വന്ന് എങ്ങോട്ടൊക്കെയോ പോകുന്ന ആയിരങ്ങള്‍, പ്രകാശമാനമായ അനേകം രുചികളുടെ സുഗന്ധം തങ്ങിനില്‍ക്കുന്ന തെരുവുകളിലൂടെ ഒഴുകുകയായിരിക്കും. പക്കോഡകളും, സമൃദ്ധമായ വിഭവങ്ങളുമായി വിപണി സജീവമാകും. ജുമാ മസ്ജിദ് പരിസരത്തുള്ള അല്‍ജൗഹറിലെ നഹാരിയാണ് പേരുകേട്ട ഒരു വിഭവം. ബട്‌ലാ ഹൗസിലെ സാകിര്‍ നഗറിലും നഹാരിക്ക് പ്രസിദ്ധമായ സ്ഥലങ്ങളുണ്ട്. ഇവിടെ തന്നെ പുരാണി ദില്ലി റെസ്റ്റോറന്റിലെ മട്ടണ്‍ ഹലീമാണ് രുചികരമായ മറ്റൊരു വിഭവം. ജുമാ മസ്ജിദിന്റെ വശങ്ങളിലുള്ള തെരുവുകളില്‍ ഏറ്റവും തിരക്ക് കാണുന്ന ഇടങ്ങളിലൊന്ന് ഹാജി മുഹമ്മദ് ഹുസൈന്റെ കോഴി പൊരിച്ചത് കിട്ടുന്നിടത്താണ്. ചൗരി ബസാറിലെ ഉസ്താദ് മൊയിനുദ്ദീന്റെ കബാബുകളും ദരിയ ഗഞ്ചിലെ ചിക്കന്‍ ചങ്കേസികളും തേടി നഗരത്തിന്റെ മറ്റു ദിക്കുകളില്‍ നിന്നുകൂടി ആളുകളെത്തും. സർദാർ ബസാറിൽ, ഹാജി നൂറയുടെ റസ്റ്റോറന്റാണ് റമദാൻ സ്പെഷ്യൽ നിഹാരിയിൽ പ്രസിദ്ധമായത്. 

നിസാമുദ്ദീനിലെ ലാസീസ് ദർബാറും മുഗളായി ശൈലിയിൽ മട്ടനും ചിക്കനും പാകം ചെയ്യുന്ന അശോക് മീറ്റ് ധാബയിലും ആളുകളെക്കൊണ്ട് നിറയും. സുഭിക്ഷമായി ഭക്ഷണം കഴിച്ചിറങ്ങുന്നവരെ കാത്ത് മധുരമുള്ള ഷാഹിടുകടയും, ഹല്‍വയും, ഗുലാബ് ജാമൂനുകളും ഉണ്ടാകും.

വിവിധ പേരുകളിലുള്ള സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളുടെ ചൂടുപകർന്ന് ജുമാ മസ്ജിദിലേക്കുള്ള ഗല്ലികൾ വേറെയും.

 വിശുദ്ധ ഖുർആൻ പൂർണമായും ഉത്തരേന്ത്യൻ ശൈലിയിൽ മനോഹരമായി ഓതുന്ന തറാവീഹുകളാണ് മിക്ക സ്ഥലത്തും. ഇമാം ഖുർആൻ മുഴുവനായി പാരായണം ചെയ്യുന്നതോട് കൂടി തറാവീഹു നമസ്‌കാരവും തീരും. അതുകൊണ്ട് തറാവീഹ് നമസ്‌കാരത്തിന് കൂടുതൽ ‘ഒപ്ഷൻസ്’ ഉണ്ട് ഡൽഹിയിൽ. പത്ത് ദിവസം കൊണ്ട് തീരുന്ന തറാവീഹും പതിനഞ്ച് ദിവസം കൊണ്ട് തീരുന്ന തറാവീഹും തുടങ്ങി മുപ്പത് ദിവസങ്ങൾ കൊണ്ട് തീരുന്ന തറാവീഹും  സെലക്ട് ചെയ്യാം..! മിക്ക കച്ചവടക്കാരും ആദ്യത്തെ പത്തിൽ തന്നെ തറാവീഹ് തീർത്ത് രണ്ടും മൂന്നും പത്തുകളിൽ കച്ചവടത്തിനു വേണ്ടി മാറ്റി വെക്കലാണ് പതിവ്.

അറുനൂറോളം മസാറുകളും സൂഫീ കേന്ദ്രങ്ങളുമുള്ള ഡല്‍ഹിയിലെ നോമ്പുകാലം ഒരുപക്ഷേ ഇന്ത്യയില്‍ മറ്റെവിടത്തേതിനെക്കാളും ആത്മനിര്‍വൃതിയുടേതു കൂടിയാണ്. നിസാമുദ്ദീനിലെ മഖ്ബറയിലും മെഹ്റോളിയില്‍ ബക്തിയാര്‍ ഖാഖിയുടെ മഖ്ബറയിലും എത്തുന്ന വിശ്വാസികളുടെ എണ്ണം കൂടും.ദര്‍ഗകളിലൊക്കെ ജനങ്ങള്‍ നിറഞ്ഞു കവിയും.അവസാന പത്തിൽ ഇവിടെങ്ങളിൽ ഖവാലിയും ജൽസയും ഹൽഖകളും കൊണ്ട് സജീവമാവും. പള്ളികളും ദർഗകളും ദീപാലങ്കൃതമാവും.

അവസാന പത്തിൽ നിരത്തു വക്കിൽ വലിയ കുമ്പാരങ്ങളായി പല നിറത്തിലും തരത്തിലും നിരത്തി വെച്ചിട്ടുള്ള സേവിയ (സേമിയ) യായിരിക്കും പ്രധാന ആകർഷണം. എല്ലാ വീടുകളിലും പെരുന്നാളിനു ഒരു നിർബന്ധിത പലഹാരമാണ് സേവിയ. പലരുടേയും അത്താഴവും ഇതുതന്നെയാണ്. തെരുവുകളിലെ  നോമ്പ് അവസാനമായാല്‍ സ്ത്രീകളുടേയും കുട്ടികളുടേയും കൂടി തിരക്കാവും. അപ്പോഴേക്കും പുതിയ ഹെന്ന ഷോപ്പുകള്‍ സജീവമാകും നിരത്തില്‍.മെഹന്തി അണിയിക്കാൻ പുരുഷന്മാർ നിരന്നിരിക്കുന്നത് കാണാം. ഗല്ലികൾ തോറും മുഴുവനായും മെഹന്തി വാലകളും തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന സ്ത്രീ ജനങ്ങളുമായിരിക്കും. 

എന്നാല്‍, റമളാന്‍ മാസമാണെന്നോ നോമ്പ് മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യതയാണെന്നതോ പോലും അറിയാത്ത പാവങ്ങളെയും ഡല്‍ഹിയുടെ ഓരങ്ങളില്‍ കാണാം. സാംസ്കാരിക ധാരാളിത്തത്തിന്റേയും ദൈന്യതായാർന്ന മനുഷ്യ ജീവിതങ്ങളുടേയും നേർ ചിത്രങ്ങളാണത്. ആ വിരുദ്ധ ഭാവനകളെ കൂടി ഉൾകൊള്ളുന്നതാണ് യഥാർത്ഥ ദില്ലി.

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഡൽഹിയിലെ നോമ്പോർമ്മകളും ജുമാമസ്ജിദിലെ സായാഹ്നങ്ങളും
ഡൽഹിയിലെ നോമ്പോർമ്മകളും ജുമാമസ്ജിദിലെ സായാഹ്നങ്ങളും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7IhcZgDBVtdkx0aC5aiTG1qq1s19IeNJN10MBFCrQ5ql9vfcC28obPjHJYE2CA7ILS5Eg30YNCc7iDo2BzbvrmXi2R9CjkO1R63-Ip63ZCa-PjciazQ-njLbH6RUfk2OpnzBypUXYDkCMVLtvRgU8Hjf2VG2II6OJ-wfs-cTfeUJUmadLBeXMFh10VQ/w640-h640/delhi%20juma%20masjid.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7IhcZgDBVtdkx0aC5aiTG1qq1s19IeNJN10MBFCrQ5ql9vfcC28obPjHJYE2CA7ILS5Eg30YNCc7iDo2BzbvrmXi2R9CjkO1R63-Ip63ZCa-PjciazQ-njLbH6RUfk2OpnzBypUXYDkCMVLtvRgU8Hjf2VG2II6OJ-wfs-cTfeUJUmadLBeXMFh10VQ/s72-w640-c-h640/delhi%20juma%20masjid.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2023/03/Fasting%20in%20Delhi%20and%20evenings%20at%20the%20Juma%20Masjid.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2023/03/Fasting%20in%20Delhi%20and%20evenings%20at%20the%20Juma%20Masjid.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content